ഉറച്ച വിശ്വാസം
ഒരു തടാകത്തിന്റെ വടക്കേ തീരത്ത് ഉയർന്നുനിന്ന മണല്ക്കൂനകൾ സമീപത്തുള്ള വീടുകളെ നിരങ്ങുന്ന മണലിലേക്ക് താഴുന്നതരത്തിൽ അപകടാവസ്ഥയിലാക്കി. തങ്ങളുടെ വീടുകൾ സംരക്ഷിക്കാനുള്ള അധ്വാനത്തിൽ മണൽക്കൂനകൾ നീക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കെട്ടുറപ്പുള്ള വീടുകൾ കണ്മുന്നിൽ താഴ്ന്നു പോകുന്നത് അവർ നിസ്സഹായരായി നോക്കി നിന്നു. അടുത്തിടെ നശിപ്പിക്കപ്പെട്ട ഒരു വീട് വൃത്തിയാക്കുന്നത് മേൽനോട്ടം വഹിച്ചപ്പോൾ ഒരു ലോക്കൽ ഉദ്യോഗസ്ഥൻ ഈ പ്രക്രിയ തടയാൻ കഴിയില്ല എന്ന് ഉറപ്പിച്ചു. വീട്ടുടമസ്ഥർ എത്ര കഠിനമായി ശ്രമിച്ചാലും ഈ അസ്ഥിരമായ ചിറകൾ മൂലമുണ്ടാകുന്ന അപകടം ഒഴിവാക്കാൻ സാധിക്കില്ല, മണൽക്കൂനക്ക് ശക്തമായ അടിത്തറ നൽകുവാൻ സാധ്യമേയല്ല.
മണലിൽ ഒരു വീട് പണിയുന്നതിന്റെ നിരർത്ഥകത യേശുവിന് അറിയാമായിരുന്നു. കള്ള പ്രവാചകന്മാരെക്കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പിനു ശേഷം, സ്നേഹപൂർവ്വമുള്ള അനുസരണം ജ്ഞാനത്തെ പ്രദർശിപ്പിക്കുന്നു എന്ന് അവൻ അവരെ ഉറപ്പിച്ചു (മത്തായി 7:15–23). തന്റെ വചനങ്ങളെ കേട്ടു “ചെയ്യുന്നവനൊക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു” എന്നു അവൻ പറഞ്ഞു (വാ. 24). എന്നാൽ ദൈവത്തിന്റെ വാക്കുകളെ കേട്ട് ചെയ്യാത്തവനൊക്കെയും “മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു“(വാ. 26).
ചുറ്റുപാടുകൾ ക്ലേശങ്ങളുടേയോ ബുദ്ധിമുട്ടുകളുടേയോ ഭാരത്താൽ താഴ്ന്നു പോകുന്ന അസ്ഥിരമായ മണൽ പോലെ തോന്നുമ്പോൾ, നമുക്ക് നമ്മുടെ പ്രത്യാശ പാറയായ ക്രിസ്തുവിൽ വെക്കാം. തന്റെ മാറ്റമില്ലാത്ത സ്വഭാവത്തിന്റെ അചഞ്ചലമായ അടിത്തറയിൽ കെട്ടിപ്പടുത്ത ഉറച്ച വിശ്വാസം വളർത്തിയെടുക്കാൻ അവൻ നമ്മെ സഹായിക്കും.
ദൈവത്തിന്റെ മക്കൾ
എസ്തേർ , കഠിനമായ ശാരീരിക വൈകല്യമുള്ള തന്റെ മകളുമായി ഒരു തുണിക്കടയിൽ കയറി ചെന്നു. കൗണ്ടറിന്റെ പുറകിലിരുന്ന മനുഷ്യൻ അവരെ ദ്വേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു, അയാളുടെ കണ്ണുകളിൽ ആ കുട്ടിയുടെ സാന്നിദ്ധ്യത്തോടുള്ള നിശബ്ദ പ്രതിഷേധം പ്രകടമായിരുന്നു – അതിന്റെ കാരണം അവൾ ഒരു ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു.
ഇത്തരം കഠിനമായ തുറിച്ചു നോട്ടങ്ങൾ എസ്തേറിന് വളരെ പരിചിതമായിരുന്നു. തന്റെ മകളുടെ ഈ അവസ്ഥമൂലം അടുത്ത ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നുപോലുമുള്ള പെരുമാറ്റം അവളിൽ ദ്വേഷ്യവും മനോവ്യഥയും ഉണ്ടാക്കിയിട്ടുണ്ട്; ആളുകൾക്ക് ഈ പെരുമാറ്റമൊന്നും ഉൾക്കൊള്ളാൻ കഴിയില്ല എന്നത് ഒരു അമ്മ എന്ന നിലയിലുള്ള തന്റെ സ്ഥിതിയിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. തന്റെ മകളെ ബലമായി പിടിച്ച് നിർത്തി, വിൽപ്പനക്കാരനെ രൂക്ഷമായി നോക്കിക്കൊണ്ട് , സാധനങ്ങൾ വാങ്ങി രോഷത്തോടെ കാറിന്റെ അടുത്തേക്ക് പോയി.
കാറിൽ ഇരിക്കുമ്പോൾ തനിക്ക് തോന്നിയ വിദ്വേഷത്തെ കുറിച്ച് കുറ്റബോധം തോന്നി. മകളുടെ കുറവുകളെ കണ്ട് അവരെ മാറ്റി നിർത്താൻ ശ്രമിക്കുന്നവരോടു ക്ഷമിക്കുവാൻ കഴിയുന്ന മനസ്സ് നൽകേണമേ, എന്ന് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു. ഒരു അമ്മ എന്ന നിലക്ക് ഒന്നിനും കൊള്ളാത്തവൾ എന്ന് തോന്നുന്ന അവസ്ഥയെ മറികടക്കാൻ അവളെ സഹായിക്കണമേ എന്നും ദൈവത്തിന്റെ പ്രിയ മകളാണെന്ന അവളുടെ ശരിയായ വ്യക്തിത്വത്തെ അംഗീകരിക്കുവാൻ സഹായിക്കേണമേ എന്നും ദൈവത്തോട് പ്രാർത്ഥിച്ചു.
അപ്പോസ്തലനായ പൗലോസ് പ്രഖ്യാപിക്കുന്നത് യേശുവിൽ വിശ്വസിക്കുന്നവർ എല്ലാം “ വിശ്വാസത്താൽ ദൈവത്തിന്റെ മക്കൾ ആകുന്നു”, എന്നും ഒരുപോലെ വിലയുള്ളവരും മനോഹരമായി വിഭിന്നരുമാണെന്നാണ്. ഒന്നിച്ച് പ്രയത്നിക്കുവാനായി ദൃഢമായി ബന്ധിപ്പിക്കപ്പെട്ടവരും മനപ്പൂർവ്വമായി രൂപകല്പന ചെയ്യപ്പെട്ടവരുമാണ് നാം. (ഗലാത്യർ3:26-29). ദൈവം സ്വന്തം പുത്രനെ നമ്മെ വീണ്ടെടുക്കുന്നതിനായിട്ടാണ് അയച്ചിരിക്കുന്നത്, നമ്മുടെ പാപമോചനത്തിനായി ക്രൂശിൽ ചിന്തപ്പെട്ട രക്തത്താൽ നാം ഏവരും ഒരു കുടുംബമായി തീർന്നു (4 : 4-7). ദൈവത്തിന്റെ പ്രതിച്ഛായയുള്ള നമ്മുടെ വില നിർണ്ണയിക്കുന്നത് മറ്റുള്ളവരുടെ അഭിപ്രായങ്ങളോ, പ്രതീക്ഷകളോ, മുൻ വിധികളോ ഒന്നുമല്ല.
നമ്മൾ എന്താകുന്നു ? നാം ദൈവത്തിന്റെ മക്കളാകുന്നു.
യഥാർത്ഥ വ്യക്തിത്വം
എന്റെ കൂട്ടുകാരി ഞാൻ എടുത്തിട്ടുള്ള അവളുടെ ഫോട്ടോകൾ പരിശോധിച്ചപ്പോൾ, അവളുടെ സ്വാഭാവിക ശരീര പ്രകൃതികളെ സ്വന്തം ന്യൂനതകളായി സ്വയം ചൂണ്ടിക്കാട്ടി. ഞാൻ അവളോട് കൂടുതൽ അടുത്ത് നോക്കുവാൻ പറഞ്ഞു. “ഞാൻ കാണുന്നത് സർവ്വശക്തനായ രാജാധിരാജന്റെ സ്നേഹനിധിയായ ഭംഗിയുള്ള മകളെയാണ്” ഞാൻ പറഞ്ഞു. “ഞാൻ കാണുന്നത് ദൈവത്തേയും മറ്റുള്ളവരേയും ആർദ്രമായി സ്നേഹിക്കുന്ന, യഥാർത്ഥ അനുകമ്പയോടും, മഹാമനസ്ക്തയോടും, വിശ്വാസ്യതയോടും കൂടി, ഒത്തിരി ജീവിതങ്ങളെ സ്വാധീനിച്ച ഒരാളെയാണ്.” അവളുടെ കണ്ണുകളിൽ കണ്ണുനീർ തുളുമ്പി നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. "നിനക്ക് ഒരു കിരീടം കൂടി വേണമെന്നാണ് എനിക്ക് തോന്നുന്നത്" എന്ന് ഞാൻ പറഞ്ഞു. അന്ന് വൈകുന്നേരം അവൾക്ക് നല്ല ഒരു കിരീടം ഞങ്ങൾ തെരഞ്ഞെടുത്തു; അവളുടെ യഥാർത്ഥ സ്വത്വം അവൾ ഒരിക്കലും മറക്കാതിരിക്കാൻ.
നാം യേശുവിനെ വ്യക്തിപരമായി അറിയുമ്പോൾ, അവൻ നമ്മെ മക്കൾ എന്ന് വിളിച്ച് സ്നേഹത്തിന്റെ ഒരു കിരീടം നമ്മെ ധരിപ്പിക്കുന്നു( 1 യോഹന്നാൻ 3: 1 ). വിശ്വാസത്തിൽ സ്ഥിരോത്സാഹത്തോടെ നിൽക്കുവാനുള്ള ശക്തിയും അവൻ നമുക്കു നൽകിയതു കൊണ്ട് “അവൻ പ്രത്യക്ഷനാകുമ്പോൾ നാം ലജ്ജിച്ചു പോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്ക് ധൈര്യം " ഉണ്ടാകും ( 2: 28 ). അവൻ നമ്മെ നാമായിരിക്കുന്നതുപോലെ തന്നെ സ്വീകരിച്ചുവെങ്കിലും, അവന്റെ സ്നേഹം നമ്മെ നിർമ്മലീകരിച്ച് അവനോടു സദൃശന്മാർ ആക്കി മാറ്റുന്നു ( 3 : 2-3 ). ദൈവത്തിന്റെ ആവശ്യകത മനസ്സിലാക്കി മാനസാന്തരപ്പെടാൻ അവൻ നമ്മെ സഹായിക്കുന്നു; അതുവഴി പാപത്തിൽ നിന്ന് അകന്ന് നിൽക്കാനുള്ള കഴിവിൽ സന്തോഷിക്കുവാനും( വാ. 7-9). നമ്മുടെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്ന അവന്റെ സത്യത്താലും, നമ്മുടെ ജീവനിൽ കുടികൊള്ളുന്ന അവന്റെ ആത്മാവിനാലും, സത്യസന്ധമായ അനുസരണത്തിലും സ്നേഹത്തിലും(വാ.10) നമുക്ക് ജീവിക്കാം.
എന്റെ കൂട്ടുകാരിക്ക് ശരിക്കും ഒരു കിരീടത്തിന്റെയോ, എന്തെങ്കിലും ആഭരണങ്ങളുടേയോ, ആവശ്യം അന്നേ ദിവസം ഉണ്ടായിരുന്നില്ല. ദൈവമക്കൾ ആയതിന്റെ മൂല്യം ഓർമ്മിപ്പിക്കുകയായിരുന്നു രണ്ടുപേരുടെയും ആവശ്യവും.
പ്രത്യാശ പങ്കുവെക്കൽ
ശാന്തി, ദൈവത്തിന്റെ പ്രിയമകൾ എന്ന അവളുടെ വ്യക്തിത്വം സ്വീകരിക്കുവാൻ ദൈവം അവളെ സഹായിച്ചതിനെ ഞങ്ങളോട് പങ്കുവെച്ചപ്പോൾ ധാരാളം തിരുവചനങ്ങൾ ഉദ്ധരിച്ചു. ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിനി വാക്കുകളേക്കാൾ അധികം ദൈവവചനം ഉദ്ധരിക്കുന്നത് എന്നെ അതിശയിപ്പിച്ചു. അവൾ ഒരു സഞ്ചരിക്കുന്ന ബൈബിളാണെന്ന് ഞാൻ പറഞ്ഞപ്പോൾ അവളുടെ പുരികം ചുളിഞ്ഞു. അവൾ ബോധപൂർവം ബൈബിൾ വാക്യങ്ങൾ ഉരുവിടുന്നതായിരുന്നില്ല. ദിവസേനയുള്ള ബൈബിൾ വായനമൂലം അതിലെ വാക്കുകളും ജ്ഞാനവും ശാന്തിയുടെ സംസാരത്തിന്റെ ഭാഗമാകുകയായിരുന്നു. ദൈവസാന്നിധ്യം അവൾ ആസ്വദിക്കുകയും ദൈവിക സത്യങ്ങൾ പങ്കുവെക്കുന്നത് സന്തോഷമായി കാണുകയും ചെയ്തിരുന്നു. എന്നാൽ ദൈവവചനം വായിക്കുന്നതിനും മന:പ്പാഠമാക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും മറ്റുള്ളവരെ പ്രചോദിപ്പിക്കുവാൻ ദൈവം ഉപയോഗിച്ച ആദ്യത്തെ ചെറുപ്പക്കാരി ശാന്തിയായിരുന്നില്ല.
അപ്പൊസ്തലനായ പൗലോസ്, തിമൊഥെയോസിനെ നേതൃത്വത്തിലേക്ക് ഇറങ്ങുവാൻ പ്രോത്സാഹിക്കുമ്പോൾ, അദ്ദേഹം ആ യുവാവിൽ നല്ല വിശ്വാസമർപ്പിച്ചിരുന്നു (1 തിമൊ.4:11-16). തിമൊഥെയോസ് ശിശുവായിരുന്നപ്പോൾ മുതൽ തിരുവെഴുത്തിൽ വേരൂന്നിയ ആളായിരുന്നുവെന്ന് പൗലോസ് സമ്മതിക്കുന്നു (2 തിമൊ.3:15). പൗലോസിനെപ്പോലെ തിമൊഥെയോസിനും സംശയക്കാരെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നാൽ രണ്ടു പേരും എല്ലാ തിരുവെഴുത്തും " ദൈവശ്വാസീയ "മാണെന്ന് വിശ്വസിച്ചാണ് ജീവിച്ചത്. തിരുവെഴുത്ത് "ദൈവത്തിന്റെ മനുഷ്യൻ സകല സത്പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു" ( 2 തിമൊ.3:16,17 ) എന്ന് അവർ മനസ്സിലാക്കി.
നാം ദൈവികജ്ഞാനത്തെ നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വെച്ചാൽ, ദൈവിക സത്യങ്ങൾ സ്വാഭാവികമായി നമ്മുടെ സംസാരത്തിലൂടെ പുറത്ത് വരും.സഞ്ചരിക്കുന്ന ഒരു ബൈബിൾ പോലെ, നാം പോകുന്നിടത്തെല്ലാം ദൈവീകമായ നിത്യ പ്രത്യാശയെ പങ്കുവെക്കാൻ നമുക്ക് കഴിയും.
സേവിക്കുവാനായി ജീവിക്കുക
10 വയസ്സായ ചെൽസിയ തനിക്ക് ലഭിച്ച ആർട് സെറ്റ് കണ്ടപ്പോൾ, തന്റെ സങ്കടങ്ങളിൽ നന്നായിരിക്കുവാനായി ദൈവം ആർട്ടിനെ ഉപയോഗിക്കുന്നതായി അവൾ മനസ്സിലാക്കി. ചില കുട്ടികൾക്ക് ആർട് സെറ്റ് ലഭ്യമല്ലെന്ന് അവൾ അറിഞ്ഞപ്പോൾ, അവരെ സഹായിക്കാൻ അവൾ ആഗ്രഹിച്ചു. അതിനാൽ അവളുടെ ജന്മദിന പാർട്ടിക്ക് സമയമായപ്പോൾ, അവൾ സമ്മാനങ്ങൾ കൊണ്ടുവരരുതെന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. പകരം, കലാസാമഗ്രികൾ സംഭാവന ചെയ്യാനും ആവശ്യമുള്ള കുട്ടികൾക്ക് പെട്ടികൾ നിറയ്ക്കാൻ സഹായിക്കാനും അവൾ അവരെ ക്ഷണിച്ചു.
പിന്നീട് അവളുടെ കുടുംബത്തിന്റെ സഹായത്തോടെ ചെൽസി ചാരിറ്റി ആരംഭിച്ചു. ബോക്സുകൾ നിറയ്ക്കാൻ സഹായിക്കാൻ അവൾ കൂടുതൽ ആളുകളോട് ആവശ്യപ്പെടാൻ തുടങ്ങി, അതിലൂടെ അവൾക്ക് കൂടുതൽ കുട്ടികളെ സഹായിക്കാൻ സാധിക്കും. ഇത് കൂടാതെ അവളുടെ ബോക്സുകൾ സ്വീകരിച്ച ഗ്രൂപ്പുകളെ അവൾ ആർട്ട് ടിപ്പുകൾ പഠിപ്പിച്ചുകൊടുക്കുന്നു. ഒരു ലോക്കൽ ന്യൂസ് ചാനലിന് കൊടുത്ത ഇന്റർവ്യൂവിന് ശേഷം ലോകത്തിന്റെ വിവിധ ഇടങ്ങളിൽനിന്നു ആളുകൾ സാധനങ്ങൾ സംഭാവനയായി നൽകി. ചെൽസിയുടെ സഹായങ്ങൾ അന്താരാഷ്ട്ര തലത്തിൽ കലാപരമായ സാധനങ്ങൾ എത്തിച്ചപ്പോൾ, മറ്റുള്ളവരെ സേവിക്കാൻ നമ്മൾ ജീവിക്കാൻ തയ്യാറാകുമ്പോൾ ദൈവത്തിന് നമ്മെ എങ്ങനെ ഉപയോഗിക്കാമെന്ന് ഈ പെൺകുട്ടി പ്രകടമാക്കുന്നു.
ചെൽസിയുടെ അനുകമ്പയും പങ്കുവയ്ക്കാനുള്ള സന്നദ്ധതയും വിശ്വസ്തനായ ഒരു കാര്യസ്ഥന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു. ദൈവം നൽകിയ വിഭവങ്ങളും കഴിവുകളും പങ്കുവെച്ചുകൊണ്ട് വിശ്വസ്തരായ കാര്യസ്ഥരായിരിക്കാൻ "തമ്മിൽ ഉറ്റ സ്നേഹമുള്ളവരായിരിപ്പാൻ" യേശുവിലുള്ള എല്ലാ വിശ്വാസികളെയും അപ്പോസ്തലനായ പത്രോസ് പ്രോത്സാഹിപ്പിക്കുന്നു (1 പത്രോസ് 4: 8-11).
നമ്മുടെ സ്നേഹത്തിന്റെ ഓരോ ചെറിയ പ്രവർത്തിയും ദാനം ചെയ്യാൻ നമ്മോട് ചേരുവാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കും. മറ്റുള്ളവരുടെ സേവനത്തിനായി നമ്മെ സഹായിക്കുവാൻ പിന്തുണക്കാരെ പോലും ദൈവത്തിന് അണിനിരത്താൻ കഴിയും. ദൈവത്തിൽ ആശ്രയിക്കുമ്പോൾ, അവന് അർഹിക്കുന്ന മഹത്വം നൽകാനും സേവിക്കാനും നമുക്ക് ജീവിക്കാം.
നാം ആരാധിക്കുന്നിടത്തെല്ലാം
കടുത്ത തലവേദനയും ക്ഷീണവും കാരണം എന്റെ സഭാ ആരാധനയിൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചില്ല. കൂട്ടായ്മയിൽ പങ്കെടുക്കുവാൻ കഴിയാഞ്ഞതിന്റെ ദുഃഖത്തിൽ ഞാൻ ഒരു ഓൺലൈൻ പ്രസംഗം കേട്ടു. ആദ്യം തന്നെ, അതിലെ കുറവുകൾ എന്നെ മുഷിപ്പിച്ചു. അതിലെ ദൃശ്യത്തിന്റെയും ശബ്ദത്തിന്റെയും വ്യക്തതക്കുറവ് എന്നെ അലോസരപ്പെടുത്തി. എന്നാൽ, ആ വീഡിയോയിലെ ശബ്ദം വളരെ പരിചിതമായ ഒരു പഴയ ഗീതം ആലപിച്ചു. ആ വരികൾ പാടിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി: "എന്റെ ഹൃദയത്തിന്റെ കർത്താവേ, നീ എന്റെ ദർശനമാകുക. നീയല്ലാതെ മറ്റൊന്നും എനിക്ക് മതിയാകില്ല. പകലിലും രാത്രിയിലും,ഉണരുമ്പോഴും ഉറങ്ങുമ്പോഴും നീയാണെന്റെ ചിന്ത, നിന്റെ സാന്നിദ്ധ്യം എന്റെ വെളിച്ചം" ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തിന്റെ ദാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, എന്റെ സ്വീകരണമുറിയിൽ ഇരുന്നുകൊണ്ട് ഞാൻ അവനെ ആരാധിച്ചു.
ഒന്നിച്ചു കൂടിയുള്ള ആരാധനയുടെ പ്രാധാന്യത്തെപ്പറ്റി ദൈവവചത്തിൽ പറയുമ്പോഴും ( എബ്രായർ 10:25), ദൈവം ഒരു സഭയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നില്ല. ശമര്യ സ്ത്രീയുമായി കിണറ്റിന്റെ അരികിൽ വച്ചു യേശു നടത്തിയ സംഭാഷണത്തിൽ, മിശിഹായെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളെയും അവിടുന്ന് വെല്ലുവിളിച്ചു (യോഹ.4:9). അവളെ കുറ്റം വിധിക്കുന്നതിനു പകരം, കിണറിന്റെ അരികെ നിന്ന അവളോട് യേശു സത്യം സംസാരിക്കുകയും അവളെ സ്നേഹിക്കുകയും ചെയ്തു (വാ.10). അവിടുത്തെ മക്കളെക്കുറിച്ചുള്ള പരിജ്ഞാനവും അടുപ്പവും അവിടുന്ന് വെളിപ്പെടുത്തി (വാ.17-18). പരിശുദ്ധാത്മാവിലുള്ള സത്യാരാധന ജനങ്ങളുടെ ഹൃദയങ്ങളിൽ നിന്നാവണം, മറിച്ച് ഭൗതികമായ ഒരു പ്രത്യേക സ്ഥലത്തുനിന്നല്ല എന്ന് അവിടുത്തെ ദൈവീകത പ്രഖ്യാപിക്കുന്നതിലൂടെ യേശു പ്രസ്താവിച്ചു. (വാ. 23-24)
ദൈവം ആരാണെന്നും, അവിടുന്ന് എന്താണ് ചെയ്തതെന്നും, അവിടുന്ന് എന്താണ് വാഗ്ദാനം ചെയ്തതെന്നും നാം ശ്രദ്ധിച്ചാൽ, നമുക്ക് മറ്റു വിശ്വാസികളോടൊപ്പമോ, സ്വീകരണമുറിലോ എവിടെവേണമെങ്കിലും, ഇരുന്നു അവിടുത്തെ നിരന്തര സാന്നിധ്യത്തിൽ ആരാധിക്കുവാൻ കഴിയും.
നമുക്കു തോന്നുന്നതെന്തെന്നു ദൈവം അറിയുന്നു
പരിഭ്രാന്തയായ സിമ്രാ, തന്റെ മകന്റെ ആസക്തിയോടുള്ള പോരാട്ടത്തെക്കുറിച്ചു വ്യസനിച്ചു. ''എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു,'' അവൾ പറഞ്ഞു. ''പ്രാർത്ഥിക്കുമ്പോൾ എനിക്കു കരച്ചിൽ നിർത്താൻ കഴിയാത്തതിനാൽ എനിക്ക് വിശ്വാസമില്ലെന്ന് ദൈവം കരുതുന്നുണ്ടോ?''
''ദൈവം എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല,'' ഞാൻ പറഞ്ഞു. ''എന്നാൽ യഥാർത്ഥ വികാരങ്ങൾ കൈകാര്യം ചെയ്യാൻ അവനു കഴിയുമെന്ന് എനിക്കറിയാം. നമുക്ക് തോന്നുന്നത് എന്താണെന്ന് അവനറിയാത്തതുപോലെയല്ല അത്.'' മകന്റെ വിടുതലിനായി ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഞാൻ സിമ്രയോടൊപ്പം പ്രാർത്ഥിക്കുകയും കണ്ണുനീർ ഒഴുക്കുകയും ചെയ്തു.
കഷ്ടതയനുഭവിക്കുന്ന ആളുകൾ ദൈവവുമായി മല്ലടിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ തിരുവെഴുത്തിൽ അടങ്ങിയിരിക്കുന്നു. 42-ാം സങ്കീർത്തനത്തിന്റെ രചയിതാവ് ദൈവത്തിന്റെ സ്ഥിരവും ശക്തവുമായ സാന്നിധ്യത്തിന്റെ സമാധാനം അനുഭവിക്കാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിക്കുന്നു. താൻ സഹിച്ച ദുഃഖത്തെക്കുറിച്ചുള്ള കണ്ണീരും വിഷാദവും അവൻ അംഗീകരിക്കുന്നു. ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് അവൻ സ്വയം ഓർമ്മിപ്പിച്ചുകൊണ്ട്, അവന്റെ ആന്തരിക സംഘർഷങ്ങൾ ആത്മവിശ്വാസത്തോടെയുള്ള സ്തുതിയിലേക്കു നയിക്കുന്നു. തന്റെ ''ആത്മാവിനെ'' പ്രോത്സാഹിപ്പിച്ച് സങ്കീർത്തനക്കാരൻ എഴുതുന്നു, ''ദൈവത്തിൽ പ്രത്യാശവയ്ക്കുക; അവൻ എന്റെ മുഖപ്രകാശരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും'' (വാ. 11). ദൈവത്തെക്കുറിച്ച് സത്യമെന്ന് അവനറിയുന്ന കാര്യങ്ങളും അവന്റെ അമിതമായ വികാരങ്ങളുടെ നിഷേധിക്കാനാവാത്ത യാഥാർത്ഥ്യവും തമ്മിൽ വലിയ വടംവലി നടക്കുന്നു.
ദൈവം നമ്മെ വികാരങ്ങളോടുകൂടി തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു. മറ്റുള്ളവർക്കുവേണ്ടിയുള്ള നമ്മുടെ കണ്ണുനീർ വിശ്വാസത്തിന്റെ അഭാവത്തെയല്ല, ആഴത്തിലുള്ള സ്നേഹവും അനുകമ്പയും ആണു വെളിപ്പെടുത്തുന്നത്. കരിയാത്ത മുറിവുകളോ, പഴയ മുറിപ്പാടുകളോ കൊണ്ട് നമുക്ക് ദൈവത്തെ സമീപിക്കാം. ഓരോ പ്രാർത്ഥനയും, നിശ്ശബ്ദമോ, ഏങ്ങലടിച്ചുള്ളതോ, ആത്മവിശ്വാസത്തോടെയുള്ള ആർപ്പോ, ആയിരുന്നാലും നമ്മെ കേൾക്കാമെന്നും പരിപാലിക്കാമെന്നുമുള്ള അവന്റെ വാഗ്ദത്തത്തിലുള്ള നമ്മുടെ വിശ്വാസത്തെ പ്രകടമാക്കുന്നു.
ഒരു മഹത്തായ അന്ത്യം
എന്റെ ഭർത്താവും മകനും ഒരു സിനിമ കാണുന്നതിനായി ടെലിവിഷൻ ചാനലുകളിൽ തിരഞ്ഞുകൊണ്ടിരുന്നു; ഒടുവിൽ അവരുടെ പ്രിയപ്പെട്ട സിനിമകൾ ഇതിനകം തന്നെ ഓടിക്കൊണ്ടിരിക്കുകയാണെന്നവർ കണ്ടെത്തി. അവസാന രംഗങ്ങൾ അവർ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ, തിരയൽ ഒരു കളിയായി മാറി. അവർക്ക് പ്രിയപ്പെട്ട എട്ട് സിനിമകൾ കണ്ടെത്താൻ അവർക്കു കഴിഞ്ഞു. എന്തുകൊണ്ടാണ് അവർ തുടക്കം മുതൽ കാണുന്നതിന് ഒരു സിനിമ തിരഞ്ഞെടുക്കാത്തത് എന്നു ഞാൻ നിരാശയോടെ ചോദിച്ചു. എന്റെ ഭർത്താവ് ചിരിച്ചു: ''ആരാണ് ഒരു മഹത്തായ അന്ത്യത്തെ ഇഷ്ടപ്പെടാത്തത്?''
എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുടെയോ സിനിമകളുടെയോ അവസാനത്തിനായി ഞാനും കാത്തിരിക്കാറുണ്ടെന്ന് എനിക്കു സമ്മതിക്കേണ്ടി വന്നു. ഞാൻ എന്റെ ബൈബിൾ മറിച്ചു മറിച്ച് എനിക്കു പ്രിയപ്പെട്ട ഭാഗങ്ങളിലേക്കോ, കൂടുതൽ രസകരവും മനസ്സിലാക്കാൻ എളുപ്പമുള്ളതുമായ കഥകളിലേക്കോ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നിരുന്നാലും നമ്മെ രൂപാന്തരപ്പെടുത്തുന്നതിനും യേശുവിലുള്ള വിശ്വാസികളെ സംബന്ധിച്ച് അവനെഴുതുന്ന കഥ നന്നായി അവസാനിക്കുമെന്ന് സ്ഥിരീകരിക്കുന്നതിനുമായി പരിശുദ്ധാത്മാവ് ദൈവത്തിന്റെ വിശ്വസനീയവും ജീവിത-സംബന്ധിയുമായ എല്ലാ വാക്കുകളും ഉപയോഗിക്കുന്നു.
ക്രിസ്തു തന്നെത്തന്നെ ''അല്ഫയും ഓമേഗയും, ഒന്നാമനും ഒടുക്കത്തവനും, ആദിയും അന്തവും'' ആയി പ്രഖ്യാപിക്കുന്നു (വെളിപ്പാട് 22:13). തന്റെ ജനം നിത്യജീവൻ അവകാശമാക്കുമെന്ന് അവൻ പ്രഖ്യാപിക്കുകയും (വാ. 14). ''ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽനിന്ന്'' കുറയ്ക്കുകയോ അതിനോടു കൂട്ടുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു (വാ. 18-19).
ബൈബിളിലെ എല്ലാം നമുക്കറിയുകയോ മനസ്സിലാകുകയോ ഇല്ലായിരിക്കാം, പക്ഷേ യേശു വീണ്ടും വരുന്നുവെന്ന് നമുക്കറിയാം. അവൻ തന്റെ വചനം പാലിക്കും. അവൻ പാപത്തെ ഇല്ലാതാക്കുകയും എല്ലാ തെറ്റുകളെയും ശരിയാക്കുകയും, എല്ലാറ്റിനെയും പുതിയതാക്കുകയും, നമ്മുടെ സ്നേഹസമ്പന്ന രാജാവായി എന്നേക്കും വാഴുകയും ചെയ്യും. ഇപ്പോൾ, അതു നമ്മുടെ പുതിയ തുടക്കത്തിലേക്കു നയിക്കുന്ന ഒരുമഹത്തായ അന്ത്യമാണ്!
എല്ലാവർക്കും ലഭ്യമായത്
കരീബിയയിലെ കൊച്ചു ദ്വീപായ എല്യൂതെറയിലെ ഒരു മനുഷ്യനിർമ്മിത പാലത്തിൽ നിന്നുകൊണ്ട്, അറ്റ്ലാന്റിക് സമുദ്രത്തിലെ ഇളകിമറിയുന്ന കരിനീല ജലവും കരീബിയൻ കടലിലെ ശാന്തമായ ഇളംപച്ച ജലവും തമ്മിലുള്ള വ്യത്യാസത്തെ സന്ദർശകർക്ക് ആസ്വദിക്കാൻ കഴിയും. ഒരുകാലത്ത് ഇവയെ തമ്മിൽ വേർതിരിച്ചിരുന്ന വീതികുറഞ്ഞ ഭൂഭാഗത്തെയും പ്രകൃതിനിർമ്മിതമായ കൽകമാനത്തെയും കാലക്രമേണ കൊടുങ്കാറ്റ് തുടച്ചുനീക്കി. അതിനു പകരം നിർമ്മിക്കപ്പെട്ടതും എല്യൂതെറയിലെ വിനോദസഞ്ചാര ആകർഷണമായി വർത്തിക്കുന്നതുമായ കണ്ണാടി ജനൽ പാലം ''ഭൂമിയിലെ ഏറ്റവും ഇടുങ്ങിയ സ്ഥലം'' എന്നറിയപ്പെടുന്നു.
നിത്യജീവനിലേക്ക് നയിക്കുന്ന വഴി ഇടുങ്ങിയതാണെന്നും ''അത് കണ്ടെത്തുന്നവർ ചുരുക്കമാണ്'' എന്നും ബൈബിൾ വിവരിക്കുന്നു (മത്തായി 7:14). വാതിൽ ഇടുങ്ങിയതായിരിക്കുന്നതിന്റെ കാരണം, വീണുപോയ മനുഷ്യനെയും പിതാവായ ദൈവത്തെയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അനുരഞ്ജിപ്പിക്കാൻ കഴിയുന്ന ഏക പാലം ദൈവപുത്രനാണ് എന്നതാണ് (വാ. 13-14; യോഹന്നാൻ 10: 7-9; 16:13 കാണുക). എന്നിരുന്നാലും, എല്ലാ ജാതികളിൽ നിന്നും രാജ്യങ്ങളിൽ നിന്നും സാമൂഹിക പദവിയിൽ നിന്നുമുള്ള വിശ്വാസികൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാമെന്നും രാജാധിരാജാവിന്റെ മുമ്പിൽ വണങ്ങുകയും അവന്റെ സിംഹാസനത്തിനു ചുറ്റും നിന്ന് ആരാധിക്കുകയും ചെയ്യുമെന്നും തിരുവെഴുത്ത് പറയുന്നു (വെളിപ്പാട് 5:9). വൈരുദ്ധ്യത്തിന്റെയും ഐക്യത്തിന്റെയും ഈ അസാധാരണമായ ചിത്രത്തിൽ ദൈവത്തിന്റെ മനോഹരമാംവിധം വൈവിധ്യമാർന്ന സകല ആളുകളും ഉൾപ്പെടുന്നു.
നമ്മുടെ പാപത്താൽ നാം ദൈവത്തിൽ നിന്ന് അകന്നുപോയിട്ടുണ്ടെങ്കിലും, ദൈവം സൃഷ്ടിച്ച ഓരോ വ്യക്തിയെയും, ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ ലഭ്യമായ നിരപ്പിന്റെ ഈ ഇടുങ്ങിയ വഴിയിലൂടെ സ്വർഗ്ഗത്തിലെ നിത്യതയിലേക്കു പ്രവേശിക്കാൻ ദൈവം ക്ഷണിക്കുന്നു. ക്രൂശിലെ അവന്റെ പരമയാഗം, കല്ലറയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പ്, സ്വർഗ്ഗാരോഹണം എന്നിവയാണ് സുവാർത്ത. അത് എല്ലാവർക്കും ലഭ്യമായതും ഇന്നും എല്ലാ ദിവസവും പങ്കിടേണ്ടതുമായ സുവാർത്തയാണ്.
ക്രിസ്തുവിലുള്ള അമൂല്യ ജീവിതങ്ങള്‍
നഷ്ടപ്പെട്ട എന്റെ വിവാഹ മോതിരത്തിനായുള്ള തിരച്ചിലിനിടയില്‍ എന്റെ കവിളുകളില്‍ നിന്നു കണ്ണുനീര് ഒഴുകി. ഒരു മണിക്കൂറോളം സോഫയിലെ കുഷനുകള്‍ മാറ്റിയും ഞങ്ങളുടെ വീടിന്റെ ഓരോ മുക്കിലും മൂലയിലും അരിച്ചുപെറുക്കിയതിനും ശേഷം അലന് പറഞ്ഞു, ''എനിക്കു വിഷമമുണ്ട്. നമുക്കു മറ്റൊന്നു വാങ്ങാം.''
''നന്ദി,'' ഞാന്‍ പ്രതികരിച്ചു. ''എന്നാല്‍ അതിന്റെ വൈകാരികമായ മൂല്യം അതിന്റെ വിലയെക്കാള്‍ കൂടുതലാണ്. അതു മാറ്റാനാകില്ല.'' പ്രാര്‍ത്ഥനയോടെ, ഞാന്‍ ആഭരണത്തിനായി തിരച്ചില്‍ തുടര്‍ന്നു. ''ദൈവമേ, ദയവായി അതു കണ്ടെത്താന്‍ എന്നെ സഹായിക്കണമേ.''
പിന്നീട്, ആഴ്ചയുടെ ആരംഭത്തില്‍ ധരിച്ച ഒരു സ്വെറ്ററിന്റെ പോക്കറ്റിലേക്ക് കൈയിട്ടപ്പോള്‍, അമൂല്യമായ ആഭരണം ഞാന്‍ കണ്ടെത്തി. ''യേശുവേ, നന്ദി!'' ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. ഞാനും ഭര്‍ത്താവും സന്തോഷിക്കുമ്പോള്‍, ഞാന്‍ മോതിരം വിരലിലണിഞ്ഞുകൊണ്ട്, ഒരു ദ്രഹ്മ നഷ്ടപ്പെട്ട സ്ത്രീയുടെ ഉപമ ഓര്‍മ്മിച്ചു (ലൂക്കൊസ് 15:8-10). നഷ്ടപ്പെട്ട വെള്ളി നാണയം തിരഞ്ഞ സ്ത്രീയെപ്പോലെ, നഷ്ടപ്പെട്ടവയുടെ മൂല്യം ഞാനറിഞ്ഞു. ഞങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ ആഗ്രഹിച്ചതില്‍ ഞങ്ങളെ രണ്ടുപേരെയും തെറ്റുപറയാന്‍ കഴിയുമായിരുന്നില്ല. താന്‍ സൃഷ്ടിച്ച ഓരോ വ്യക്തിയെയും രക്ഷിക്കാനുള്ള തന്റെ ആഗ്രഹം ഊന്നിപ്പറയാന്‍ യേശു ആ കഥ ഉപയോഗിച്ചു. അനുതപിക്കുന്ന ഒരു പാപി സ്വര്‍ഗ്ഗത്തില്‍ വലിയ ആഘോഷത്തിനു കാരണമാകുന്നു.
നഷ്ടപ്പെട്ട നിധികള്‍ കണ്ടെത്താനായി നാം പ്രാര്‍ത്ഥിക്കുന്നതുപോലെ, മറ്റുള്ളവര്‍ക്കുവേണ്ടി ആവേശത്തോടെ പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിയായിത്തീരുന്നത് എത്ര വലിയ ദാനമായിരിക്കും. ആരെങ്കിലും അനുതപിക്കുകയും തങ്ങളുടെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ആഘോഷിക്കാന്‍ കഴിയുന്നത് എത്ര വലിയ പദവിയാണ്. നാം നമ്മുടെ ആശ്രയം യേശുവില്‍ വെച്ചിട്ടുണ്ടെങ്കില്‍, നാം കണ്ടെത്തപ്പെടേണ്ടവരാണ് എന്നു ചിന്തിച്ചു നമുക്കുവേണ്ടിയുള്ള അന്വേഷണം ഒരിക്കലും അവസാനിപ്പിക്കാതിരുന്ന ഒരുവനാല്‍ സ്നേഹിക്കപ്പെട്ടതിന്റെ സന്തോഷം അനുഭവിക്കാനിടയായതില്‍ നമുക്കു നന്ദിയുള്ളവരാകാം.